Saturday, August 29, 2009

തണല്‍.

തണലാണ്‌ ഞാന്‍ തിരഞ്ഞത്.
പക്ഷെ കണ്ടത്,
വെയിലില്‍ ഉരുകുന്നവരെമാത്രം.
അവര്ക്കു മുകളില്‍ തണലായ്‌ സ്വയം മാറുമ്പോഴും,
തണല്‍ തന്നെയാണ് ഞാന്‍ തിരഞ്ഞത്.

പക്ഷെ എവിടെ തണല്‍?

എന്റെ തന്നെ നിഴലാണതിനുത്തരം തന്നത്!!!
ഏത് വെയിലില്‍ ഉരുകുന്നവര്‍ക്ക്-
താഴെയും തണലുണ്ട്.
അത് കാണണമെങ്കില്‍ നയനങ്ങള്‍ സ്വാര്‍ത്ഥമാവണം
നീ തണല്‍ ഏകുന്നവര്‍ക്ക് താഴെയും തണലുണ്ടായിരുന്നു.
മറ്റു പലരും അത് കണ്ടപ്പോഴും,
നീ അത് കാണാതെ പോയതെന്തേ???

ഓ.....
തണലില്‍ ഉറങ്ങാന്‍ സ്വാര്‍ത്ഥരാവണമെന്നോ?
എനിക്ക് തണലേകാന്‍,
മറ്റൊരാള്‍ വെയിലില്‍ ഉരുകണം എന്നോ?
വേണ്ട.
എനിക്ക് തണല്‍ വേണ്ട.

Thursday, August 27, 2009

പ്രണയത്തിനു പകരം എനിക്ക് വേണ്ടത്...

"തിരിച്ചു പ്രണയമല്ലാതെ മറ്റെന്തും തിരയുന്ന പ്രണയം പ്രണയമല്ല." - ഖലീല്‍ ജിബ്രാന്‍.

പ്രണയത്തിന്റെ സമ്മാനം ഒരു താജ് മഹല്‍ ആണെങ്കില്‍;
അതെനിക്ക് വേണ്ടാ.........
ഒരു ഉസ്താദ് ഈസയുടെയും രക്തക്കറ പുരണ്ടാതാവരുത് എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം പനിനീര്‍ പൂവെങ്കില്‍;
അതെനിക്ക് വേണ്ട ........
രണ്ടു ദിനം കൊണ്ടു വാടുന്ന സൌന്ദര്യമല്ല എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം ഒരു യാത്രയെങ്കില്‍;
അതെനിക്ക് വേണ്ട .......
ഓര്‍മകളുടെ ചെപ്പിലടക്കാനുള്ളതല്ല എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം വാക്കുകളെങ്കില്‍;
അതും വേണ്ട ....എനിക്ക്-
നിമിഷം തോറും അര്‍ഥങ്ങള്‍ മാറുന്ന അവയെപ്പോലെ അസ്ഥിരമല്ല എന്റെ പ്രണയം.
പിന്നെ എന്താണ് ആ സമ്മാനം????
മായാത്ത പുഞ്ചിരി;
തിളക്കം മങ്ങാത്ത നയനങ്ങള്‍;
പിന്നെ ഇടറാത്ത മനസ്സ്....
അത്ര മാത്രം.

Wednesday, August 19, 2009

ഒഥല്ലോയുടെ പ്രിയ പത്നി......

അവര്ക്കു സ്വര്‍ഗമണയുവാന്‍;
എനിക്കു ഞാന്‍ നരകമൊരുക്കി.
അവര്ക്കു തണലേകാന്‍ -
ഞാനെന്റെ സൂര്യനെ കടലിന്റെ ഗര്ഭത്തിലാഴ്ത്തി

ക്രൂരമായ സ്നേഹം കൊണ്ടവരെന്റെ
ജീവനെ കവര്‍ന്നെടുത്തു.
എന്റെ മുന്നിലെ പാതി പാതയും നിര്‍ജീവമാക്കി.

ഒന്നു താഴാനുള്ള മടിയോ;
അലിയാനുള്ള വൈമനസ്യമോ;
മനസിന്റെ വാതില്‍പാളി തുറക്കാനുള്ള സാങ്കോചാമോ ????

എന്നിട്ടും;
സ്വാഭാവികതയുടെ നിറവും മണവുമുള്ള-
സ്വപ്‌നങ്ങള്‍ ഞാന്‍ നെയ്തു കൂട്ടി.

ഏതൂര്‍ജ സ്രോതസില്‍
ഞാനെന്റെ മനസുണര്‍ന്നൂഞാലാടിയോ;
ആ ഊര്‍ജസ്രോതസ്സില്‍ തന്നെ ഞാനെന്റെ ചിതയൊരുക്കി.

ഞാനാര്???

ഒഥല്ലോയുടെ പ്രിയ പത്നി ടെസ്ടിമോണയോ???

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP