Thursday, December 3, 2009

പ്രണയത്തിന്റെ ഋതുഭേദങ്ങള്‍


അന്നു നീ എന്നോട് പറഞ്ഞു;
നീ ഇല്ലാതെ എനിക്കെന്തു ജീവിതം !!!

അത് പ്രണയത്തിന്റെ വസന്തം.

ഇന്നു നീ എന്നോട് ചോദിക്കുന്നു -
നിന്റെ കൂടെ എങ്ങനെ ജീവിക്കാന്‍ ????

ഋതുചക്രത്തിന്റെ കറങ്ങലില്‍
നാം എത്തിനില്‍ക്കുന്നതെവിടെ ?

പ്രണയത്തിനും ഇല പൊഴിക്കും കാലമുണ്ടോ ???

Saturday, October 24, 2009

പ്രണയം സ്ത്രീക്ക് ചങ്ങലയാവുന്നതെപ്പോള്‍?


ഞാനറിഞ്ഞില്ല;


തൊടിയില്‍ വസന്തം വിരുന്നെത്തിയത്,
മൂകതയുടെ കനത്ത തമസ്സിനെ കീറി,
മരച്ചില്ലയിലിരുന്നു കുയിലുകള്‍പാടിയത്;
തഴുകി കടന്നു പോയ തെന്നല്‍
സുഗന്ധം പരത്തിയത്;
പ്രഭാതത്തിലെ മഞ്ഞിന്റെ നനുത്ത കണങ്ങള്‍ കുളിരേകിയത്;
ഒന്നും, എനിക്കുവേണ്ടി ആയിരുന്നില്ലെന്ന്-
ഞാനറിഞ്ഞില്ല!!!

അതോ,
അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു
അതിനായി കൊതിച്ചു നിന്നതാണോ?

അറിയില്ല.
ഒരുപക്ഷെ ആയിരിക്കാം...
ജന്മനാല്‍ അന്ധയായ ഒരുവളെയല്ലേ-
നിറങ്ങള്‍ പ്രലോഭിപ്പിക്കാതിരിക്കൂ...
ബധിരയായ ഒരുവളെയല്ലേ,
ഗാനങ്ങള്‍ കൊതിപ്പിക്കാതിരിക്കൂ...

എന്നാല്‍ ഇവള്‍-
ആകാശം മുട്ടെ ഉയര്‍ന്ന
സ്നേഹത്തിന്‍ ചുവരുകളാല്‍ കാഴ്ച മറക്കപ്പെട്ടവള്‍....
പ്രിയരുടെ അനസ്യൂതമോഴുകിയ നാദധാരയാല്‍
കര്‍ണ്ണങ്ങള്‍ നിറക്കപ്പെട്ടവള്‍....

പക്ഷെ,
പെട്ടെന്നൊരു ദിനം ആ മതിലുകള്‍ അപ്രത്യക്ഷമാവുമ്പോള്‍...
ആ നാദധാര മൂകമാവുമ്പോള്‍...

അപ്പോഴാണ്‌ ഇവളറിഞ്ഞത്-
പ്രണയം സ്ത്രീക്ക് ഒരു ചങ്ങല കൂടിയാണെന്ന്.
അപ്പോഴും അവര്‍ പാടുന്നത്
പ്രണയം സ്വാതന്ത്ര്യപ്രഖ്യാപനമേന്നത്രേ!!!

അതെ
അവര്‍ക്ക് പ്രണയം ഒരവസരം മാത്രം.
സ്വതന്ത്ര ലോകത്ത് പറന്നലയുന്നതിനിടയില്‍
കൂട് കൂട്ടാനുള്ള ചില ശിഖരങ്ങള്‍ മാത്രം.

Monday, October 19, 2009

മാംസത്തെ പ്രണയിക്കുന്നവര്‍...


നിങ്ങള്‍ പ്രണയിച്ചത്‌,
ഈ മാംസത്തെ ആയിരുന്നോ?

പ്രണയസമ്മാനമായി,
പട്ടു സാരി തന്നു അണിയിചൊരുക്കുമ്പോള്‍;
വിശക്കാനാവാത്ത വിധം,
വയറു നിറചൂട്ടുമ്പോള്‍;
കിടന്നു പിടഞ്ഞ
ആശുപത്രി മുറിക്കു പുറത്തു-
അസ്വസ്തനായുലാത്തുമ്പോള്‍
നിങ്ങള്‍ പ്രണയിച്ചത്‌
ഈ മാംസത്തെ ആയിരുന്നോ?

അല്ലായിരുന്നു.

പക്ഷെ
ഈ മാംസക്കഷണം കൂടെ ഇല്ലാത്ത മാത്രയില്‍,
ദാഹാര്‍ത്തനായി നീ അലഞ്ഞതിന്നെന്തിനു???
ചിന്തകളും സ്വപ്നങ്ങളും നിന്നെ ചുറ്റി നിന്നിട്ടും,
എകാന്തനെന്നു നീ ചൊല്ലിയതെന്തിനു???

നീ പ്രണയിച്ചത്‌
ഈ മാംസത്തെ ആയിരുന്നോ???

പക്ഷെ,
ഈ മാംസത്തിനു മാത്രമായ്‌ ഒരു പ്രണയം വേണ്ട.
പ്രണയത്തിനു മാത്രമായി ഒരു മാംസവും വേണ്ട.

Monday, September 7, 2009

വിട.

തുടിക്കുന്ന ഹൃത്തില്‍ നിന്നും
തുളുമ്പാന്‍ കൊതിചോരെന്‍ മോഹങ്ങളെ....
നിങ്ങള്‍ക്കായി മാത്രം വിരുന്നെത്തിയ
വസന്തങ്ങളും, ശിശിരങ്ങളും ഇനി-
ഏതോ ഓര്‍മ്മകളുടെ ഇരുളിലെ
മായാച്ചിത്രങ്ങള്‍ മാത്രം.

എന്റെ മുള്ളുകള്‍ നിറഞ്ഞ വീഥികളില്‍ നിന്നും
നിങ്ങള്‍ പറന്നകന്നു പോയേക്കാം.
പക്ഷെ,
ഞാനും എന്റെ പാതകളും
എന്നും ഇവിടെ കാത്തിരിക്കും....

ഒരു മോഹം മാത്രം
ഇനിയുമെന്നില്‍നിന്നും അടരാതെ നില്ക്കുന്നു.
ഇനിയൊരിക്കല്‍ കൂടി,
മൊട്ടായി പിറന്നു,
പൂവായി വിരിഞ്ഞു,
ഇനിയുമിതുപോലെ.......

Sunday, September 6, 2009

ചൂലിന്‍റെ ആത്മഭാഷണം.

ഞാന്‍ ദുശകുനമെന്നവര്‍ വിധിച്ചു.
എന്നെ അവജ്ഞയുടെ ചിഹ്നമായവര്‍ വരച്ചു.
പുച്ചിച്ചു തള്ളാന്‍ അവരെന്‍റെ പേരുചൊല്ലി വിളിച്ചു.
പക്ഷെ അവരോര്‍ത്തില്ല.
അവരെക്കൊണ്ടു ഇതെല്ലാം പറയിച്ചത്
മനസിലെ ചവറുകള്‍ വൃത്തിയാക്കാന്‍
എനിക്ക് കഴിവില്ലാത്തത് കൊണ്ടാണെന്ന്!!!

Saturday, August 29, 2009

തണല്‍.

തണലാണ്‌ ഞാന്‍ തിരഞ്ഞത്.
പക്ഷെ കണ്ടത്,
വെയിലില്‍ ഉരുകുന്നവരെമാത്രം.
അവര്ക്കു മുകളില്‍ തണലായ്‌ സ്വയം മാറുമ്പോഴും,
തണല്‍ തന്നെയാണ് ഞാന്‍ തിരഞ്ഞത്.

പക്ഷെ എവിടെ തണല്‍?

എന്റെ തന്നെ നിഴലാണതിനുത്തരം തന്നത്!!!
ഏത് വെയിലില്‍ ഉരുകുന്നവര്‍ക്ക്-
താഴെയും തണലുണ്ട്.
അത് കാണണമെങ്കില്‍ നയനങ്ങള്‍ സ്വാര്‍ത്ഥമാവണം
നീ തണല്‍ ഏകുന്നവര്‍ക്ക് താഴെയും തണലുണ്ടായിരുന്നു.
മറ്റു പലരും അത് കണ്ടപ്പോഴും,
നീ അത് കാണാതെ പോയതെന്തേ???

ഓ.....
തണലില്‍ ഉറങ്ങാന്‍ സ്വാര്‍ത്ഥരാവണമെന്നോ?
എനിക്ക് തണലേകാന്‍,
മറ്റൊരാള്‍ വെയിലില്‍ ഉരുകണം എന്നോ?
വേണ്ട.
എനിക്ക് തണല്‍ വേണ്ട.

Thursday, August 27, 2009

പ്രണയത്തിനു പകരം എനിക്ക് വേണ്ടത്...

"തിരിച്ചു പ്രണയമല്ലാതെ മറ്റെന്തും തിരയുന്ന പ്രണയം പ്രണയമല്ല." - ഖലീല്‍ ജിബ്രാന്‍.

പ്രണയത്തിന്റെ സമ്മാനം ഒരു താജ് മഹല്‍ ആണെങ്കില്‍;
അതെനിക്ക് വേണ്ടാ.........
ഒരു ഉസ്താദ് ഈസയുടെയും രക്തക്കറ പുരണ്ടാതാവരുത് എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം പനിനീര്‍ പൂവെങ്കില്‍;
അതെനിക്ക് വേണ്ട ........
രണ്ടു ദിനം കൊണ്ടു വാടുന്ന സൌന്ദര്യമല്ല എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം ഒരു യാത്രയെങ്കില്‍;
അതെനിക്ക് വേണ്ട .......
ഓര്‍മകളുടെ ചെപ്പിലടക്കാനുള്ളതല്ല എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം വാക്കുകളെങ്കില്‍;
അതും വേണ്ട ....എനിക്ക്-
നിമിഷം തോറും അര്‍ഥങ്ങള്‍ മാറുന്ന അവയെപ്പോലെ അസ്ഥിരമല്ല എന്റെ പ്രണയം.
പിന്നെ എന്താണ് ആ സമ്മാനം????
മായാത്ത പുഞ്ചിരി;
തിളക്കം മങ്ങാത്ത നയനങ്ങള്‍;
പിന്നെ ഇടറാത്ത മനസ്സ്....
അത്ര മാത്രം.

Wednesday, August 19, 2009

ഒഥല്ലോയുടെ പ്രിയ പത്നി......

അവര്ക്കു സ്വര്‍ഗമണയുവാന്‍;
എനിക്കു ഞാന്‍ നരകമൊരുക്കി.
അവര്ക്കു തണലേകാന്‍ -
ഞാനെന്റെ സൂര്യനെ കടലിന്റെ ഗര്ഭത്തിലാഴ്ത്തി

ക്രൂരമായ സ്നേഹം കൊണ്ടവരെന്റെ
ജീവനെ കവര്‍ന്നെടുത്തു.
എന്റെ മുന്നിലെ പാതി പാതയും നിര്‍ജീവമാക്കി.

ഒന്നു താഴാനുള്ള മടിയോ;
അലിയാനുള്ള വൈമനസ്യമോ;
മനസിന്റെ വാതില്‍പാളി തുറക്കാനുള്ള സാങ്കോചാമോ ????

എന്നിട്ടും;
സ്വാഭാവികതയുടെ നിറവും മണവുമുള്ള-
സ്വപ്‌നങ്ങള്‍ ഞാന്‍ നെയ്തു കൂട്ടി.

ഏതൂര്‍ജ സ്രോതസില്‍
ഞാനെന്റെ മനസുണര്‍ന്നൂഞാലാടിയോ;
ആ ഊര്‍ജസ്രോതസ്സില്‍ തന്നെ ഞാനെന്റെ ചിതയൊരുക്കി.

ഞാനാര്???

ഒഥല്ലോയുടെ പ്രിയ പത്നി ടെസ്ടിമോണയോ???

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP